
ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയും ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ജനാധിപത്യത്തിൽ പ്രതിപക്ഷ ധർമ്മം. ഭരണകൂടം ചെയ്യുന്ന ഏത് നടപടിയേയും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങൾക്ക് മുന്നിൽ താറടിച്ചു കാണിക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമായ ഒരു രാഷ്ട്രീയ ശൈലിയല്ല. സർക്കാരിന്റെ വീഴ്ചകളും അഴിമതികളും ജനമധ്യത്തിൽ തുറന്നുകാട്ടുന്നതോടൊപ്പം തന്നെ, നാടിനും ജനങ്ങൾക്കും ഗുണകരമാകുന്ന കാര്യങ്ങളെ സ്വാഗതം ചെയ്യാനും പ്രതിപക്ഷത്തിന് കഴിയണം.
പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ കൃത്യമായ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലായിരിക്കണം. അല്ലാത്ത പക്ഷം അത് കേവലം രാഷ്ട്രീയമുതലെടുപ്പ് നാടകം മാത്രമായി ജനങ്ങൾ കാണുകയും ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യത തകർക്കുകയും ചെയ്യും. രാഷ്ട്രീയക്കാരുടെ വാക്കും പ്രവൃത്തിയും എത്രമാത്രം വിശ്വാസ്യതയുള്ളതാണെന്ന് തിരിച്ചറിയാൻ ശേഷിയുള്ള പ്രബുദ്ധരായ ജനങ്ങളാണ് കേരളത്തിലുള്ളത്. അതുകൊണ്ടാണ് സർക്കാരിന്റെ പ്രവർത്തനമികവ് ഉയർത്തിക്കാട്ടാൻ ശതകോടികൾ ചെലവാക്കി സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രൊഫഷണൽ പ്രചാരണം സംഘടിപ്പിച്ചിട്ടും രണ്ടാം പിണറായി സർക്കാരിന് ജനങ്ങൾ ദയനീയമായ പരാജയം സമ്മാനിച്ചത്.
മുൻസർക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും നടന്ന അധികാര ദുർവിനിയോഗത്തിന്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ദിവസേനയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അത്തരം വിവരങ്ങൾ പുറത്തുവരുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗം പുതിയ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സർക്കാരിനേയും അവർ ചെയ്യുന്ന ഏത് ഭരണ നടപടിയേയും കുറ്റപ്പെടുത്തി ആരോപണങ്ങൾ ഉന്നയിക്കുക, പുകമറ സൃഷ്ടിക്കുക എന്നതാണെന്ന് പ്രതിപക്ഷം, പ്രത്യേകിച്ച് സി.പി.എം വിശ്വസിക്കുന്നതെന്ന് തോന്നും കഴിഞ്ഞ 5 മാസത്തെ പ്രതിപക്ഷ പ്രവർത്തനങ്ങൾ കണ്ടാൽ.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സി.പി.എം നേതാക്കളായ കെ.കെ ശൈലജ, പി.കെ ശ്രീമതി, വീണാ ജോർജ്ജ് എന്നീ മൂന്ന് മുൻ ആരോഗ്യവകുപ്പ് മന്ത്രിമാർ ഒരുമിച്ചിരുന്നു പുതിയ ആരോഗ്യവകുപ്പുമന്ത്രിക്കെതിരെ നടത്തിയ പത്രസമ്മേളനം. സ്പൈനൽ മസ്കുലർ അട്രോഫി(എസ്.എം.എ) ബാധിച്ച കുട്ടികൾക്കുള്ള ഇന്ത്യൻ നിർമ്മിത ജനറിക് മരുന്ന് നൽകാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ചുകൊണ്ടുള്ളതായിരുന്നുവല്ലോ അവരുടെ പത്രസമ്മേളനം.
450 കോടിയിലധികം രൂപ ചെലവഴിച്ച് വാങ്ങിക്കൂട്ടിയ ജീവൻരക്ഷാ ഉപകരണങ്ങൾ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പൊടിപിടിച്ചും തുരുമ്പെടുത്തും നശിക്കുന്നെന്ന കണ്ടെത്തൽ പുറത്തുവന്നതിനുപിന്നാലെയാണ് എസ്.എം.എ മരുന്ന് വിവാദം ഉയർന്നുവന്നത് എന്നത് യാദൃച്ഛികമാകാനിടയില്ല. പത്തുവർഷത്തിനിടെ സംസ്ഥാനത്തെ 215 സർക്കാർ ആശുപത്രികളിലായി 125 ഉപകരണങ്ങളാണത്രേ ഒരു ഉപയോഗവുമില്ലാതെ കൂട്ടിയിട്ടിരിക്കുന്നത്. ഇതിൽ പലതും പാക്കിംഗ് പോലും പൊട്ടിക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും കണ്ടെത്തിയിരുന്നു.
എസ്.എം.എ വിവാദത്തിലേക്ക് വന്നാൽ ഈ രോഗം ബാധിച്ച കുട്ടികൾക്കുള്ള മരുന്നു നിർമ്മിക്കുന്ന ഇന്ത്യൻ കമ്പനിയായ ഹൈദരാബാദിലെ നാറ്റ്കോ ഫാർമയുടെ പ്രതിനിധികൾ ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെ നേരിട്ടുകണ്ടെന്നും അതിനെ തുടർന്നാണ് അവരുടെ മരുന്ന് വാങ്ങാൻ തീരുമാനിച്ചതെന്നും, ക്ലിനിക്കൽ പരീക്ഷണമോ, ജൈവതുല്യതാതാപനമോ നടത്താത്ത ക്ലിനിക്കൽ ട്രയൽ ലേബലുള്ള മരുന്ന് എസ്.എ.ടി ആശുപത്രിയിൽ കുട്ടികൾക്ക് നൽകിയെന്നുമാണ് മുൻ ആരോഗ്യവകുപ്പ് മന്ത്രിമാർ ഉന്നയിച്ച ആരോപണം. മന്ത്രി കെ. മുരളീധരൻ സ്ഥാനം ഒഴിയണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഇത് ഒരു ശാസ്ത്രീയ വിഷയമാണെന്നിരിക്കെ രാഷ്ട്രീയ അന്ധത ബാധിച്ച സ്വന്തം നേതാക്കളോ സഹപ്രവർത്തകരോ പറയുന്നതുകേട്ട് പത്രസമ്മേളനത്തിന് ചാടിപ്പുറപ്പെടും മുമ്പ് അവർക്ക് സ്വന്തം രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന ഡോ.ബി. ഇക്ബാൽ, ഡോ. രാമൻകുട്ടി, ശാസ്ത്ര സാഹിത്യപരിഷത്തിലെ മറ്റ് ഡോക്ടർമാർ തുടങ്ങിയ വിദഗ്ദ്ധരോടെങ്കിലും അഭിപ്രായം ആരായാമായിരുന്നു.










